National
ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ബംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.
Kerala
കൊച്ചി: കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപ തട്ടിപ്പു കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ എംഎൽഎ, മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കെ.സി. പ്രേമരാജൻ, എ.ആർ. പീതാംബരൻ, എം.ബി. രാജൻ, എം.ബി. രാജു എന്നിവരാണ് കള്ളപ്പണ നിരോധന നിയമ കോടതിയിൽ ഹാജരായത്.
പ്രതിസ്ഥാനത്തുള്ള സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രതിനിധികൾ ഹാജരായില്ല. 21ന് സിപിഎം ജില്ലാ സെക്രട്ടറി ഹാജരാകാൻ കോടതി നിർദേശം നൽകി.
മറ്റു പ്രതികളും അന്നു ഹാജരാക ണം. 28 പേരെ ഉൾപ്പെടുത്തി ഇഡി സമർപ്പിച്ച അധിക കുറ്റപത്രത്തിൽ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്.
Movies
താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.
Movies
ശിവകാർത്തികേയൻ, രവി മോഹൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെത്തിയ പരാശക്തി സംവിധാനം ചെയ്തത് സുധ കൊങ്കരയായിരുന്നു. ഇപ്പോൾ സിനിമ നിര്‍മാതാവ് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സുധ കൊങ്കര. ചിത്രം സംവിധാനം ചെയ്തതിന് നിര്‍മാതാക്കളായ ഡോണ്‍ പിക്ചേഴ്സില്‍ നിന്നും തനിക്ക് 8.39 കോടി രൂപ പ്രതിഫലം ലഭിക്കാനുണ്ടെന്നാണ് സുധ പരാതിയില്‍ പറയുന്നത്.
ഡോണ്‍ പിക്ചേഴ്സ് നിര്‍മിച്ച പുതിയ ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാവുന്നത് വരെ പരാശക്തിയുടെ സാറ്റലൈറ്റ് നിര്‍ത്തിവക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ജൂലൈ എട്ടിന് മുന്‍പ് മറുപടി നൽകാൻ പ്രൊഡക്ഷൻ ഹൗസിനോട് ജസ്റ്റിസ് കുമരേഷ് ബാബു ആവശ്യപ്പെട്ടു. പരാശക്തി സാറ്റ്ലൈറ്റിൽ റിലീസ് ചെയ്യരുതെന്നും ഡോൺ പിക്ചേഴ്സിനോട് നിർദ്ദേദേശിച്ചു.
ഡോൺ പിക്ചേഴ്സിന്റെബാനറിൽ ആകാശ് ഭാസ്കരനാണ് പരാശക്തി നിർമിച്ചത്. 2025 ജൂലൈ 10-നാണ് ചിത്രം റിലീസ് ചെയ്തത്. ജിഎസ്ടി അടക്കം 17.7 കോടിയായിരുന്നു സുധയുടെ പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ശിവകാർത്തികേയന് 30 കോടിയും. ഇരുവരും പ്രോഫിറ്റ് ഷെയറിംഗ് രീതിയാണ് പ്രതിഫലക്കാര്യത്തിൽ നിർദേശിച്ചത്. എന്നാൽ സിനിമ കനത്ത പരാജയം നേരിട്ടതോടെ പ്രതിഫലത്തുക ഒത്തുതീർപ്പാക്കാനായില്ല. ശിവകാർത്തേകയന്റെ പ്രതിഫലം മുഴുവനായി നൽകിയെങ്കിലും സുധയുടേത് ആ സമയത്ത് കൊടുത്തു തീർക്കാനായില്ല. ഏകദേശം 150 കോടി ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ്ഓഫിസിൽ വലിയ പരാജയമായിരുന്നു. വെറും 80 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്നും കളക്ട് ചെയ്തത്.
ചിത്രത്തിന്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിർമാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒൻപതിന് പുറത്തിക്കാൻ പദ്ധതിയിട്ട വിജയ്യുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ വിധി പത്തിന്. രണ്ടു പ്രതികള്‍ക്ക് പ്രോസിക്യൂഷന് അനുമതി നല്‍കാത്തതിനെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിലെ പ്രതികളായ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ നല്കിയ അപേക്ഷ മൂന്നു തവണ സര്‍ക്കാര്‍ തള്ളിയിരുന്നു.
മൂന്നാംവട്ടവും പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അഴിമതി അവസാനിക്കണമെങ്കില്‍ പ്രതികള്‍ വിചാരണ നേരിടണം. പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള അധികാരം കോടതിക്കു ലഭിക്കണമെന്ന് വാദത്തിനിടെ ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.
Sports
കൊളംബോ: 2026 സീസണ് ഐപിഎല്‍ ട്വന്റി-20 കളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ തുഷാര കോടതിയെ സമീപിച്ചു.
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) എന്‍ഒസി (നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാലാണ് തുഷാരയ്ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 1.60 കോടി രൂപയ്ക്ക് നുവാന്‍ തുഷാരയെ നിലനിര്‍ത്തിയിരുന്നു.
ഫിറ്റ്നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് തുഷാരയ്ക്ക് എന്‍ഒസി ലഭിക്കാതിരുന്നത്.
എന്നാല്‍, തന്റെ ഫിറ്റ്നസ് ഇപ്പോള്‍ കുഴപ്പമില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പ്രതികളാക്കിയാണ് തുഷാര കൊളംബോ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒമ്പതിനു പരിഗണിക്കും.
ഐപിഎല്ലില്‍ ആകെ എട്ട് മത്സരങ്ങള്‍ കളിച്ച നുവാന്‍ തുഷാര ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ സിറിയക് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
സിറിയക്കിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്ന ജാസ്ലിയായെ കഴിഞ്ഞ 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്ടൈം ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങും വഴിയാണ് സംഭവം.
റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർഥിനിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്ലിയ മരിച്ചു. അതേസമയം ജാസ്ലിയായുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന്റെ വീഴ്ചയിൽ അന്വേഷണം നടത്താൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയാണ് ഡോ.സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
മഞ്ചേരി: ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഭീഷണി. ഇതേത്തുടര്‍ന്ന് മഞ്ചേരി പോലീസും ഡോഗ്- ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുന്ന രീതിയില്‍ ബോംബുകള്‍ കോടതിയില്‍ വച്ചിട്ടുണ്ടെന്നാണ് സുന്നിയ ദാസന് എന്ന പേരിലുള്ള മെയിലില്‍ നിന്ന് വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാനമായ ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാനമായ സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. സന്ദേശത്തിന്റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്.
ജൂൺ ഒന്ന് വരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്.
പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം.
നേരത്തെ, കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഒന്നാം പ്രതി ഫർസിൻ മജീദ്, പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍വച്ച് വധിക്കാന്‍ ശ്രമിച്ചകേസിൽ കുറ്റപത്രം വൈകുന്നതിനെ വിമർശിച്ച് കോടതി. സംഭവം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദിച്ചു.
കേസിൽ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകണം. ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി ഫര്സിന് മജീദ് പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. 2022 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, മുൻ എംഎൽഎ ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.
NRI
റിച്ച്മണ്ട്: ഫോട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിന്റെ പേരില്‍ കെട്ടിച്ചമച്ച ക്രിമിനല്‍ കേസില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ബുധനാഴ്ച ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഫൈലില്‍ സ്വീകരിച്ചു.
കെ.പി. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മിഡില്‍ടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്സസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി അടുത്തിടെ ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചെയ്തത്.
ബുധനാഴ്ച ഫയല്‍ ചെയ്ത കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കുകയും വിചാരണക്കെടുക്കുകയും ചെയ്തു എന്നത് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ എജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
458-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ "ടെക്സസ് കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 2എ.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന കൃത്രിമ തെളിവുണ്ടാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണ് നിയമ നിര്‍വഹണ ഏജന്‍സിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം' എന്ന് ആരോപിക്കുന്നു.
ആര്‍ട്ടിക്കിള്‍ 2A.105 പ്രകാരം "അയോഗ്യതയ്ക്കുള്ള അടിസ്ഥാനങ്ങള്‍' എന്ന സെക്ഷന്‍ ഉദ്ധരിച്ച് ‘വിശ്വസനീയമായ തെളിവുകള്‍ അഭിഭാഷകന് അവരുടെ പ്രോസിക്യൂട്ടറിയല്‍ അധികാരത്തിനുള്ളിലെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ അന്വേഷണത്തിന് വിധേയനാണെന്ന് കാണിക്കുന്നുണ്ടെങ്കില്‍, ആര്‍ട്ടിക്കിള്‍ 2എ.105 പ്രകാരം ഒരു ജില്ലാ അല്ലെങ്കില്‍ കൗണ്ടി അറ്റോര്‍ണിയെ അയോഗ്യനാക്കിയതായി ഒരു ജഡ്ജി പ്രഖ്യാപിക്കണം. അയോഗ്യത അഭിഭാഷകന്റെ അന്വേഷണത്തിലേക്കും അതിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രോസിക്യൂഷനിലേക്കും ഉള്ള ഡിഎയുടെ അധികാരം പരിമിതപ്പെടുത്തുന്നു' എന്ന് ആര്‍ട്ടിക്കൾ പറയുന്നു.
ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിന്റെ അഭിഭാഷകര്‍ എതിര്‍ത്ത ഹര്‍ജിയില്‍ വാദിക്കാന്‍ കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായി. സഹ-കൗണ്‍സല്‍ ജാരെഡ് വുഡ്ഫില്‍, ജഡ്ജി ഡേവിഡ് എം. മെഡിന എന്നിവരോടൊപ്പം ഹാജരായ ജോര്‍ജ് അഭിഭാഷകന് ടെറി യേറ്റ്സ്, കെ.പി. ജോര്‍ജ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനല്‍ പെരുമാറ്റത്തിന് ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണിനെതിരേ ഒരു ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ ഒരു നിയമ നിര്‍വ്വഹണ ഏജന്‍സി തന്നെ ബന്ധപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തതായി പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.
പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പറഞ്ഞു. എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതികാരവുമായി ബന്ധപ്പെട്ട് ബ്രയാന്‍ മിഡില്‍ടണിന്റെ ക്രിമിനല്‍ പെരുമാറ്റം നിയമ നിര്‍വഹണ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്.
ജോര്‍ജ് സോറോസ് പിന്തുണയുള്ള ബ്രയാന്‍ മിഡില്ടണ് പോലുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയും അദ്ദേഹത്തിന്റെ തെമ്മാടികൂട്ടമായി മാറിയ ഓഫീസും അവരില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണം, അവര്‍ അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന് തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, അദ്ദേഹത്തിന് ആരോടും ഇത് ചെയ്യാന്‍ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാന്‍ ബ്രയാന്‍ മിഡില്‍ടണിനെ തടയണമെന്ന് ജോര്‍ജ് വികാരഭരിതനായി കോടതിയില്‍ പറഞ്ഞു.
ഹര്‍ജിക്കൊപ്പം "കെ.പി. ജോര്‍ജിനെ എന്ത് വിലകൊടുത്തും ഞാന്‍ പൂട്ടും' എന്ന ബ്രയാന്‍ മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ട ഫോണ്‍ വിളിയുടെ ശബ്ദ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോര്‍ജിനെയും മറ്റു കമ്മീഷണര്‍മാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഈ രേഖയിലുണ്ട്.
അത് ഡിഎയ്ക്ക് വിനയാകുമെന്നു തീര്‍ച്ചയാണ്. ടെക്സസിലെ സാമാന്യേന വലുപ്പമുള്ള കൗണ്ടികളില്‍ ഒന്നായ ഫോട്ബെന്‍ഡ് കൗണ്ടിയുടെ ഭരണ തലവനാണ് മലയാളിയായ കെ.പി. ജോര്‍ജ്. കൗണ്ടി ജഡ്ജ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. 1837ല്‍ സ്ഥാപിതമായ കൗണ്ടിയില്‍ ജഡ്ജായിവരുന്ന ആദ്യത്തെ വെളുത്തവര്‍ഗക്കാരനല്ലാത്ത വ്യക്തിയാണ് ജോര്‍ജ്.
രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോര്‍ജിന് അന്നുമുതല്‍ പലതുറകളില്‍ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു. ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ (ഡിഎ) അനാവശ്യമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ജോര്‍ജിനെതിരേ കെട്ടിച്ചമച്ച കുറ്റങ്ങള്‍ക്കായി കേസ് എടുത്തു അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറംതള്ളാന്‍ ശ്രമിച്ച ഇപ്പോള്‍ ജോര്‍ജിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ അടിയറവു പറയുന്നത്.
കൗണ്ടിയിലെ അതിശക്തമായ അധികാര സ്ഥാനം കയ്യാളുന്നയാളാണ് ഡിസ്ട്രിക്ട്അറ്റോര്ണി. ആരെയും ജയിലില്‍ അടക്കാനും വിടുതല്‍ നല്‍കാനും കഴിയുന്ന അധികാരമുള്ളയാള്‍. സ്ഥാനം രാജിവച്ചു പോയാല്‍ എല്ലാ കേസുകളും പിന്‍വലിക്കാം എന്ന ഓഫറും ഡിഎ കൊടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോര്‍ജ്.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ വിധി പറയുന്നത് മാറ്റിയതു രാഹുലിനു വീണ്ടും തിരിച്ചടിയായി. പത്തനംതിട്ട സെഷൻസ് കോടതി ഈ മാസം 28 ലേക്കാണ് മാറ്റിയത്. തിരുവല്ല മജിസ്ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഈ മാസം 21ന് ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റിയിരുന്നു.
ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോൾ വാദിഭാഗം ഹാജരാക്കിയ, ഇരയുടെയും രാഹുലിന്റെയും ചാറ്റിന്റെ വോയിസ് ക്ലിപ്പിന്റെ അധികാരികതയിൽ പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചു.
രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നതായും ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമുള്ള വാദിഭാഗത്തിന്റെ വാദം സ്ഥിരീകരിക്കാനായി നൽകിയ, വാട്സാപ്പ് ചാറ്റിലൂടെയുള്ള വോയിസ് ക്ലിപ്പാണ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി വോയിസ് ക്ലിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ് ക്കാൻ തീരുമാനിച്ചത്. പരിശോധനയുടെ ഫലം ലഭിച്ച ശേഷം ഈ മാസം 28ന് കേസിൽ വിധി പറയും.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രഥമദൃഷ്ട്യാ പീഡനം നിലനിൽക്കുമെന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പീഡനക്കേസ് നൽകിയത്. ഈ കേസിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
Kerala
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.
വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ചൊവ്വാഴ്ച രാഹുലിനെ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ ഇന്നലെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി. സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു. എന്നാൽ തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രിയെ വീണ്ടും സബ്ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.
NRI
ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.
ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്റെ അഭിഭാഷകൻ ജാരെഡ് വുഡ്ഫിൽ കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
കെ.പി. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നടപടി.
നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം.
ഇതിനെതിരെ യദു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. മേയർ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.
2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ലക്സിൽ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടയുകയായിരുന്നു. തുടർന്ന് യദു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല.
പിന്നീട് കോടതി നിർദേശ പ്രകാരമാണ് ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം കേസിലെ പ്രധാന തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിലെ (പോക്സോ കോടതികള്‍) സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇനി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റീസ് ആക്ട് (ജെജെ ആക്ട്) പ്രകാരമുള്ള കേസുകളും വാദിക്കണം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജുവനൈല്‍ ജസ്റ്റീസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യാനുള്ള അധികാരം പോക്സോ കോടതികള്‍ക്കുകൂടി ഉള്ളതിനാല്‍, ഇത്തരം കേസുകള്‍ ഇനിമുതല്‍ അതാത് കോടതികളിലെ പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തന്നെ നടത്തണമെന്നാണു നിര്‍ദേശം.
സാധാരണ കോടതികളില്‍നിന്നു പോക്സോ/ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റുന്ന മറ്റു പോക്സോ ഇതര കേസുകള്‍ റെഗുലര്‍ പബ്ലിക് പ്രോസിക്യൂട്ടര്മാര്തന്നെ നടത്തണം. ഇതിനായി ഇരു കോടതികളിലെയും സമയം ക്രമീകരിച്ച് അവര്‍ ഹാജരാകണം.
ഇടുക്കിയിലെ പൈനാവ്, ദേവികുളം എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പോക്സോ ഇതര കേസുകള്‍ നടത്താന്‍ വിസമ്മതിച്ചതായി തൊടുപുഴ ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുതിയ തീരുമാനമെടുത്തത്.
ഡിസ്ട്രിക്ട് ജുഡീഷറി രജിസ്ട്രാര്‍ ഇതുസംബന്ധിച്ചു നല്കിയ റിപ്പോര്‍ട്ടില്‍, പോക്സോ ഇതര കേസുകള്‍ മറ്റു കോടതികളിലേക്കു മാറ്റുന്നതു കക്ഷികള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം കോടതികളില്‍ പോക്സോ ഇതര കേസുകളുടെ വിചാരണ തടസപ്പെടാതിരിക്കാന്‍ മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ഈ വിഷയം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) വിശദമായി പരിശോധിക്കുകയും രജിസ്ട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി ഡിജിപി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Kerala
കൊച്ചി: നടി ആക്രമണക്കേസിൽ വിധി കേൾക്കാനായി വിചാരണക്കോടതിയിലേക്കു പോകാനായി എട്ടാം പ്രതിയായ നടൻ ദിലീപ് വീട്ടിൽനിന്ന് ഇറങ്ങിയത് കുട ചൂടി. ചാനൽ കാമറകൾ ദിലീപിന്റെ കൊച്ചിയിലെ വീടിനു ചുറ്റും രാവിലെ തന്നെ തമ്പടിച്ചിരുന്നു.
ഇതിനിടയിൽ ചില ചാനലുകൾ ഡ്രോണുകൾ ഉപയോഗിച്ചു വീടിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ തത്സമയം ചാനലുകളിൽ കാണിച്ചു. വീടിനു പുറത്തു രണ്ട് ഇന്നോവ കാറുകൾ തയാറായി കിടക്കുന്നുണ്ടെന്നതിന്റെ ദൃശ്യങ്ങളും വിവരിച്ചു.
ഡ്രോണുകൾ വീടിനു മുകളിൽ വട്ടമിട്ടു നിരീക്ഷണം നടത്തുകയാണെന്നു മനസിലാക്കിയതിനാലാവണം ദിലീപിനെ വലിയൊരു കുട ചൂടിച്ചാണ് സുഹൃത്തുക്കൾ കാറിലേക്കു കയറ്റിയത്. ദിലീപിന്റെ ദൃശ്യങ്ങൾ പകർത്താമെന്നു കരുതി കാത്തു നിന്നിരുന്ന കാമറകളെ സമർഥമായി കബളിപ്പിച്ച് അങ്ങനെ ദിലീപ് കാറിലേക്കു കയറി. ദിലീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. കാറുകൾ അതിവേഗം ഗേറ്റ് കടന്ന് പുറത്തേക്കു പോയി. ഡ്രോണുകളും ചാനൽ കാമറകളും കുറെ നേരം ഈ കാറുകൾ പിന്തുടരുകയും ചെയ്തു. അദ്ദേഹം അഭിഭാഷകനായ രാമൻ പിള്ളയുടെ ഒാഫീസിൽ കയറിയതിനു ശേഷമാണ് ദിലീപ് കോടതിയിലേക്കു പോയത്. അഭിഭാഷകന്റെ ഒാഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ വീണ്ടും മാധ്യമപ്രവർത്തകർ ദിലീപിനെ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യർജിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഡിജിപിക്ക് പരാതി നൽകി. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്.
കഴിഞ്ഞ ദിവസവും രാഹുൽ കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. ബുധനാഴ്ച രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കും. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
National
ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ നൽകിയ കേസ് പരിഗണിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പരസ്പര സമ്മതത്തോടെ ആരംഭിച്ച് നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ഒരാൾ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
യുവാവ് കോടതിയിൽ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
Kerala
കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
Kerala
തൃശൂർ: വോട്ടർപട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിച്ചതായി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ. തൃശൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണു സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
അന്യായം ഫയലിൽ സ്വീകരിച്ചതായും ഈ മാസം 23നു റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടതായും പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സുരേഷ് ഗോപിയും കുടുംബവും നിയമവിരുദ്ധമായി വോട്ടുചേർത്തുവെന്ന് ആരോപിച്ച് സിറ്റി പോലീസിനു കമ്മീഷണർക്കു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം അവസാനിപ്പിച്ചതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരത്തു സ്ഥിരതാമസക്കാരായ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വ്യാജസത്യപ്രസ്താവന ബോധിപ്പിച്ചാണ് നിയമസഭാമണ്ഡലത്തിലെ 115ാം നന്പർ ബൂത്തിൽ വോട്ടുചേർത്തത്.
ഒരേ വിലാസത്തിൽ മക്കൾ ഉൾപ്പെടെ 11 പേരുടെ വോട്ടുകളാണ് ഇപ്രകാരം ചേർത്തത്.
ഇതുസംബന്ധിച്ച് മണ്ണുത്തി പോലീസ് സ്റ്റേഷനിലും തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും പരാതിനൽകിയെങ്കിലും യാതൊരു മറുപടിയും നൽകിയില്ല. വിവരാവകാശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. കേസെടുക്കാൻ ആകില്ലെന്ന് ഈ നിമിഷംവരെ പരാതിക്കാരനായ തന്നെ പോലീസ് അറിയിച്ചിട്ടില്ലെന്നും പ്രതാപൻ പറഞ്ഞു.